ഡെൽഹി ക്യാപിറ്റൽസിനെതിരായ ആദ്യ ക്വാളിഫയർ മത്സരത്തിനിടെ പരിക്കേറ്റ മുംബൈ ഇന്ത്യൻസിന്റെ കിവീസ് പേസർ ട്രെന്റ് ബോൾട്ട് ഇന്ന് അതേ എതിരാളികൾക്കെതിരെ തന്നെ നടക്കാനിരിക്കുന്ന കലാശപ്പോരാട്ടത്തിൽ കളിക്കുമെന്ന് സൂചന നൽകി മുംബൈ നായകൻ രോഹിത് ശർമ്മ. മത്സരത്തിന് മുന്നോടിയായി ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു രോഹിത് ഇങ്ങനെ അഭിപ്രായപ്പെട്ടത്. മുംബൈ ആരാധകർക്ക് വലിയ ആശ്വാസം സമ്മാനിക്കുന്ന വാർത്തയാണിത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി ബോൾട്ട് മികച്ച നിലയിലാണെന്നും, അദ്ദേഹത്തെ വളരെ മനോഹരമായി കാണപ്പെടുന്നുണ്ടെന്നും പറഞ്ഞ രോഹിത് ശർമ്മ, കലാശപ്പോരാട്ടത്തിൽ ബോൾട്ട് കളിക്കുമെന്ന് ശുഭാപ്തിവിശ്വാസവും പ്രകടിപ്പിക്കുകയായിരുന്നു.
നേരത്തെ ഡെൽഹി ക്യാപിറ്റൽസിനെതിരെ നടന്ന ആദ്യ ക്വാളിഫയർ മത്സരത്തിൽ പന്ത് കൊണ്ട് മുംബൈയ്ക്ക് സ്വപ്ന തുടക്കമായിരുന്നു അവരുടെ സ്ട്രൈക്ക് ബോളറായ ട്രെന്റ് ബോൾട്ട് നൽകിയത്. ഡെൽഹി ഇന്നിംഗ്സിന്റെ ആദ്യ ഓവറിൽ രണ്ട് വിക്കറ്റുകളെടുത്ത് തുടക്കം തന്നെ മുംബൈയ്ക്ക് മത്സരത്തിൽ മുൻ തൂക്കം നൽകിയ ബോൾട്ടിന് കളിക്കിടെ പിന്നീട് പരിക്കേൽക്കുകയായിരുന്നു. ഇതേത്തുടർന്ന് ഡെൽഹി ഇന്നിംഗ്സിന്റെ പതിനാലാം ഓവറിൽ മൈതാനം വിട്ട ബോൾട്ട് പിന്നീട് കളിക്കളത്തിലേക്ക് തിരിച്ചെത്തിയതുമില്ല. ഇത് മുംബൈ ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നു. എന്നാൽ ബോൾട്ട് ഫൈനലിൽ കളിച്ചേക്കുമെന്ന് മുംബൈ നായകൻ സൂചന നൽകിയതോടെ ആരാധകർക്ക് വലിയ ആശ്വാസമായിട്ടുണ്ട്.
അതേ സമയം ഈ വർഷത്തെ ഐപിഎല്ലിൽ തകർപ്പൻ പ്രകടനമാണ് ബോൾട്ട് കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്. ഇതു വരെ കളിച്ച 14 മത്സരങ്ങളിൽ 22 വിക്കറ്റുകൾ വീഴ്ത്തിക്കഴിഞ്ഞ ബോൾട്ട്, പവർപ്ലേ ഓവറുകളിൽ മുംബൈയ്ക്ക് നിർണായക വിക്കറ്റുകൾ സമ്മാനിക്കുന്നത് സീസണിൽ പതിവു കാഴ്ചയാണ്.
The post ട്രെന്റ് ബോൾട്ട് ഫൈനലിൽ കളിക്കുമോ ? രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ… appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/3pcIsl9
via IFTTT
No comments:
Post a Comment