
അടുത്ത ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിലേക്ക് യോഗ്യത നേടി നോട്ടിങ്ങാം ഫോറസ്റ്റ്. ഇന്നലെ നടന്ന ചാമ്പ്യൻഷിപ്പ് പ്ലേ ഓഫ് ഫൈനലിൽ ഹഡേഴ്സ്ഫീൽഡ് ടൗണിനെ വീഴ്ത്തിയാണ് ഫോറസ്റ്റ് ഇംഗ്ലണ്ടിലെ ഒന്നാം ഡിവിഷനിലേക്ക് തിരിച്ചെത്തുന്നത്. അതേസമയം ഇറ്റലിയിൽ മോൻസയും പ്ലേ ഓഫ് വിജയിച്ച് സെരി എയിലേക്കെത്തി.
ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷനായ ചാമ്പ്യൻഷിപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തി ഫുൾഹാം, ബേൺമത്ത് എന്നിവർ നേരത്തെ പ്രീമിയർ ലീഗ് സ്ഥാനക്കയറ്റമുറപ്പിച്ചിരുന്നു. തുടർന്നാണ് മൂന്ന് മുതൽ ആറ് സ്ഥാനക്കാർ വരെ കൊമ്പുകോർത്ത പ്ലേ ഓഫ്. ഇതിന്റെ ഫൈനലിലാണ് ഫോറസ്റ്റ് വിജയം നേടിയത്. ഇന്നലെ വെംബ്ലിസ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഹഡേഴ്സ്ഫീൽഡ് ഡിഫൻഡർ ലെവി കോൾവില്ലിന്റെ സെൽഫ് ഗോളാണ് ഫോറസ്റ്റിന് വിജയവും പ്രൊമോഷനും സമ്മാനിച്ചത്.
23 വർഷങ്ങൾക്ക് ശേഷമാണ് ഫോറസ്റ്റ് പ്രീമിയർ ലീഗിലേക്കെത്തുന്നത്. 1998-99 സീസണിലാണ് അവർ ഒടുവിൽ പ്രീമിയർ ലീഗ് കളിച്ചത്. ഇക്കുറി സീസണിലെ ആദ്യ ഏഴ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ അവസാനസ്ഥാനത്തായിരുന്നു ഫോറസ്റ്റ്. തുടർന്ന് പരിശീലകസ്ഥാനമേറ്റെടുത്ത സ്റ്റീവ് കൂപ്പറിന്റെ കീഴിലായിരുന്നു ഫോറസ്റ്റിന്റെ അവിസ്മരണീയ കുതിപ്പ്. മുമ്പ് രണ്ട് യൂറോപ്യൻ കിരീടങ്ങൾ നേടിയ ചരിത്രമുള്ള ക്ലബാണ് ഫോറസ്റ്റ്.
ഇറ്റലിയിലെ രണ്ടാം ഡിവഷനായി സെരി ബിയിലെ പ്ലേ ഓഫ് വിജയിച്ചാണ് മോൻസയുടെ മുന്നേറ്റം. ഇരുപാദങ്ങളിലായി നടന്ന ആവേശകരമായ കലാശപ്പോരിൽ പിസയെ നാലിനെതിരെ ആറ് ഗോളുകൾക്ക് വീഴ്ത്തിയാണ് മോൻസയുടെ കുതിപ്പ്. ചരിത്രത്തിലാദ്യമായാണ് മോൻസ സെരി എയിലേക്കെത്തുന്നത്. ഇറ്റലിയുടെ മുൻ പ്രധാനമന്ത്രിയും എസി മിലാൻ മുൻ ഉടമയുമായ സിൽവിയോ ബെർലുസ്കോണിയുടെ ഉടമസ്ഥതയിലാണ് മോൻസ ഇപ്പോൾ.
The post ഫോറസ്റ്റ് പ്രീമിയർ ലീഗിലേക്ക്; സെരി ഏയിലേക്കെത്തുന്നത് മോൻസ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/LhXym2a
via IFTTT
No comments:
Post a Comment