
ന്യൂഡല്‍ഹി: അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ ഭരണത്തിനായി രൂപീകരിച്ച താത്ക്കാലിക സമിതി പിരിച്ചുവിട്ട സുപ്രീം കോടതി ഈ ചുമതലകള്‍ ആക്ടിംഗ് സെക്രട്ടറി ജനറലിന് കൈമാറി ഉത്തരവിട്ടു. താത്ക്കാലിക ഭരണ സമിതി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതോടെ ഇന്ത്യയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് അന്താരാഷ്ട്ര ഫുട്ബാള്‍ സംഘടനയായ ഫിഫ പിന്‍വലിക്കുമെന്ന് കരുതുന്നതായി സുപ്രീം കോടതി പ്രതീക്ഷ പ്രകടിപ്പിച്ചു.
അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ എക്സിക്യൂട്ടീവ് കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പ് സുപ്രീം കോടതി ഒരാഴ്ച്ചത്തേയ്ക്ക് നീട്ടിവച്ചു. പുതിയ കരട് ഭരണഘടന പരിശോധിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന് ഗോപാല്‍ ശങ്കരനാരായണന്, സമര് ബന്‍സാല്‍ എന്നിവരോട് അമിക്കസ് ക്യൂറിയായി കോടതിയെ സഹായിക്കാനും നിര്‍ദ്ദേശിച്ചു.
സുപ്രീം കോടതി താത്ക്കാലിക ഭരണ സമിതിയെ നിയമിച്ചത് ബാഹ്യ ഇടപെടലാണെന്ന് വിലയിരുത്തിയാണ് ഫിഫ ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് സസ്പെന്ഷന് ഏപ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് താത്ക്കാലിക ഭരണ സമിതിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. ഫെഡറേഷന്റെ എക്സിക്യൂട്ടീവ് കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ നേരത്തെ അനുവദിച്ചിരുന്ന സമയ പരിധി ആഗസ്റ്റ് 28 ആയിരുന്നു. എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ ആകെ 23 അംഗങ്ങളാണുള്ളത്. ഇതില്‍ 17 പേരെയാണ് തിരഞ്ഞെടുക്കേണ്ടത്. പ്രധാന കളിക്കാരെയാണ് ബാക്കി 6 സ്ഥാനങ്ങളിലേക്ക് നോമിനേറ്റ് ചെയ്യുന്നത്. ഇതില്‍ 4 പുരുഷന്മാരും 2 വനിതകളുമായിരിക്കണമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് നിര്‍ദ്ദേശിച്ചു.
തിരഞ്ഞെടുപ്പില്‍ റിട്ടേണിംഗ് ഓഫീസര്‍മാരായി ഉമേഷ് സിന്‍ഹ, തപസ് ഭട്ടാചാര്യ എന്നിവരെ തീരുമാനിച്ചു.
from ഇ വാർത്ത | evartha https://ift.tt/kNqgoFR
via IFTTT
No comments:
Post a Comment