ഇന്ത്യൻ സൂപ്പർ ലീഗ് ഒമ്പതാം സീസണിലെ വിവാദമായ പ്ലേ ഓഫ് മത്സരത്തിന് പിന്നാലെ ഔദ്യോഗിക പ്രതിഷേധവുമായി കേരളാ ബ്ലാസ്റ്റേഴ്സ്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം, ബെംഗളുരുവുമായുള്ള മത്സരം വീണ്ടും നടത്തണമെന്നും റെഫറി ക്രിസ്റ്റൽ ജോണിനെ വിലക്കണമെന്നും ആവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്സ് പരാതി നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഉടൻ തീരുമാനമെടുക്കുമെന്നാണ് സൂചന.
ബെംഗളുരുവിന്റെ തട്ടകമായ ശ്രീകണ്ഠീരവയിൽ നടന്ന മത്സരത്തിന്റെ അധികസമയത്താണ് വിവാദങ്ങൾക്ക് ഇടയാക്കിയ സംഭവം അരങ്ങേറിയത്. ബെംഗളുരവിന് അനുവദിച്ച ഫ്രീക്കിക്ക്, ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയെ ഗോളിയോ തയ്യാറെടുക്കുന്നതിന് മുമ്പ് സുനിൽ ഛേത്രി വലയിലെത്തിക്കുകയായിരുന്നു. സംഭവത്തിൽ റെഫറി ക്രിസ്റ്റൽ ജോണിന് പിഴവ് സംഭവിച്ചെന്നാണ് ബ്ലാസ്റ്റേഴ്സ് ആരോപിക്കുന്നത്. ബെംഗളുരുവിന്റെ ഗോളിന് വഴിവച്ച ഈ പിഴവിന് പിന്നാലെ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് ടീമിനെ കളിക്കളത്തിൽ നിന്ന് തിരിച്ചുവിളിച്ചു. പിന്നീട് മാച്ച് കമ്മീഷണറും ഐഎസ്എൽ ഉന്നതനും ഇടപെട്ടിട്ടും ബ്ലാസ്റ്റേഴ്സ് കളിക്കളത്തിൽ തിരിച്ചെത്താതിരുന്നതിനെത്തുടർന്ന് ബെംഗളുരുവിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
ഇപ്പോൾ ഇക്കാര്യത്തിൽ ഫെഡറേഷന് ഔദ്യോഗികമായി പരാതി നൽകി. ഛേത്രിയുടെ ഗോളിന് ക്വിക്ക് ഫ്രീക്കിക്ക് ആയി കണക്കാക്കാനാകില്ല എന്നും ക്രിസ്റ്റൽ ജോൺ ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണയോട് പിന്നിലേക്ക് മാറിനിൽക്കാൻ ആവശ്യപ്പെട്ടിനാൽ തന്നെ ഡിഫൻസീവ് വാൾ വേണ്ടതായിരുന്നുവെന്നും ബ്ലാസ്റ്റേഴ്സ് പരാതിയിൽ പറയുന്നു. ഈ ഗോൾ അനുവദിച്ചത് ഒരുതരത്തിലും അംഗീകരിക്കാൻ സാധിക്കില്ല എന്നും ബ്ലാസ്റ്റേഴ്സ് പറയുന്നു.
പ്ലേഓഫിലെ വിവാദങ്ങളിൽ ഇതുവരെ ഫെഡറേഷനോ ഐഎസ്എല്ലോ ഔദ്യോഗികമായി ഒരു നിലപാടും പ്രഖ്യാപിച്ചിട്ടില്ല. ഇതിനിടെയാണിപ്പോൾ മത്സരം വീണ്ടും നടത്തണമെന്നും റെഫറിയെ വിലക്കണമെന്നുമുള്ള ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം. റിപ്പോർട്ട് പ്രകാരം ആദ്യ സെമി ഫൈനൽ വ്യാഴാഴ്ച നടക്കാനിരിക്കെ ബ്ലാസ്റ്റേഴ്സിന്റെ പരാതിയിൽ ഇന്ന് തന്നെ ഫെഡറേഷൻ തീരുമാനം കൈക്കൊണ്ടേക്കും.
The post മത്സരം വീണ്ടും നടത്തണം, റെഫറിയെ വിലക്കണം; പ്രതിഷേധവുമായി ബ്ലാസ്റ്റേഴ്സ് appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/xa2TyMP
via IFTTT
No comments:
Post a Comment