പോലീസ് സഹായത്തോടെ ബലം പ്രയോഗിച്ച് സിപിഎം പിടിച്ചെടുത്ത ബാങ്കുകളിൽ നിന്ന് കോൺഗ്രസുകാരുടെ നിക്ഷേപം പിൻവലിക്കുമെന്ന പ്രതിപക്ഷ നേതാവിൻ്റെ ഭീഷണി സഹകരണ മേഖലയിൽ ദൂരവ്യാപകമായ ഫലങ്ങൾക്കിടയാക്കും.
നാല് പതിറ്റാണ്ടായി കോൺഗ്രസ് ഭരിച്ചിരുന്ന കോഴിക്കോട്- ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സിപിഎം സഹായ ത്തോടെ കോൺഗ്രസ് വിമതർ ഭരണം പിടിച്ചെടുത്തതാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്. ഇതാദ്യമായാണ് കോൺഗ്രസ് ഇത്ര തീവ്ര നിലപാടിലേക്ക് പോകാൻ തയ്യാറാവുന്നത്.
ഇനി മുതൽ സഹകരണ മേഖലയിൽ സർക്കാരിൻ്റെ ശ്രമങ്ങളുമായി യോജിക്കുന്ന പ്രശ്നമില്ല. എല്ലാ സഹകരണവും ഇന്നലെ കൊണ്ട് അവസാനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. കോൺഗ്രസിൻ്റെ 3000 അംഗങ്ങൾക്ക് വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞില്ല. ഗുണ്ടകളും പോലീസും ചേർന്ന് അവരെ അടിച്ച് ഓടിക്കുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ഈ ഘട്ടത്തിൽ ഞങ്ങളുമായി അനുഭാവമുള്ളവരുടെ നിക്ഷേപങ്ങൾ പിൻവലിക്കുന്ന കാര്യം സജീവമായി ആലോചിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പിലെ അട്ടിമറിയിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ ഇന്ന് ഹർത്താൽ ആചരിക്കുകയാണ്.
സംസ്ഥാനത്ത് നിലവിൽ പ്രവർത്തിക്കുന്ന 16329 സഹകരണ ബാങ്കുകളിൽ 40 ശതമാനം കോൺഗ്രസ് നിയന്ത്രണത്തിലാണ്. എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഇവയിൽ ഒട്ടേറെ ബാങ്കുകൾ ഭരണസ്വാധീനം ഉപയോഗിച്ച് സിപിഎം പിടിച്ചെടുത്തിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ മാത്രം കോൺഗ്രസ് നിയന്തണത്തിലിരുന്ന 18 ബാങ്കുകൾ സിപിഎം പിടിച്ചെടുത്തിട്ടുണ്ട്.
രാജ്യത്തെ മികച്ച അർബൻ ബാങ്ക് എന്ന് പേരെടുത്ത ‘ദി തിരുവല്ല ഈസ്റ്റ് കോർപ്പറേറ്റീവ് ബാങ്ക്’ ഉൾപ്പടെയുള്ള ഒന്നര ഡസൻ സഹകരണ ബാങ്കുകൾ സിപിഎമ്മിൻ്റെ അധീനതയിലായി. ഇവയിൽ മിക്കതും ഇപ്പോൾ തകർച്ചയുടെ വക്കിലാണ്. ഈ ബാങ്കുകളിൽ നിന്ന് നിക്ഷേപങ്ങൾ വൻ തോതിൽ പിൻവലിക്കുന്നുണ്ട്.
ഇതാദ്യമായാണ് സിപിഎം പിടിച്ചെടുത്ത ബാങ്കുകളിലെ കോൺഗ്രസുകാരുടെ നിക്ഷേപങ്ങൾ പിൻവലിക്കുമെന്ന് പരസ്യമായ ആഹ്വാനം കോൺഗ്രസ് നടത്തുന്നത്. സഹകരണ ജനാധിപത്യ രംഗത്ത് ഇനി സർക്കാരുമായി സഹകരണമില്ല എന്ന പ്രതിപക്ഷ നേതാവിൻ്റെ നിലപാട് പല ബാങ്കുകളടെയും നിലനില്പിനെപ്പോലും ബാധിക്കാനിടയുണ്ട്.
ഉപതിരഞ്ഞെടുപ്പുകൾക്ക് ശേഷം ചേരുന്ന കെപിസിസി യോഗത്തിൽ ഇത് സംബന്ധിച്ച് വ്യക്തമായ തീരുമാനം എടുക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കള്ളവോട്ട് ചെയ്ത് പിടിച്ചെടുത്ത ബാങ്കുകൾ സുഗമമായി ഭരിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
The post സഹകരണ മേഖലയിൽ ഇനി സർക്കാരുമായി സഹകരണമില്ല; കോൺഗ്രസുകാരുടെ നിക്ഷേപങ്ങൾ പിൻവലിക്കും:വിഡി സതീശൻ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/WlYdbXP
via IFTTT
No comments:
Post a Comment