തിരഞ്ഞെടുപ്പ് ഗോദയിലെ 'ബേബി'; 18-ന് 21 തികയും, 19-ന് രേഷ്മ മറിയം റോയ് പത്രിക നല്‍കും - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Monday, November 16, 2020

തിരഞ്ഞെടുപ്പ് ഗോദയിലെ 'ബേബി'; 18-ന് 21 തികയും, 19-ന് രേഷ്മ മറിയം റോയ് പത്രിക നല്‍കും

പത്തനംതിട്ട: പ്രചരണരംഗത്ത് ഏറെ മുന്നേറിയെങ്കിലും അരുവാപ്പുലം പഞ്ചായത്ത് 11-ാം വാർഡിലെ എൽ.ഡി.എഫ്. സ്ഥാനാർഥി രേഷ്മ മറിയം റോയ് ഇതുവരെ പത്രിക സമർപ്പിച്ചിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ 21 വയസ് തികയണമെന്ന കടമ്പ കടക്കാൻ കാത്തിരിക്കുകയാണ് അവർ. നവംബർ 18-നാണ് രേഷ്മ മറിയം റോയ്ക്ക് 21 വയസ് തികയുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 19-ഉം. 21 വയസ് തികയുന്നത് നവംബർ 18-നാണെങ്കിലും നവംബർ 19-നാണ് പത്രിക സമർപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളതെന്ന് രേഷ്മ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗവും എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗവുമായ രേഷ്മ തന്റെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. 11-ാം വാർഡായ ഊട്ടുപാറ നിലവിൽ യു.ഡി.എഫിന്റെ കൈവശമാണെങ്കിലും വാർഡ് പിടിച്ചെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് രേഷ്മ പറയുന്നു. കോന്നി വി.എൻ.എസ്. കോളേജിൽനിന്ന് ബി.ബി.എ. പഠനം പൂർത്തിയാക്കിയതിന് പിന്നാലെയാണ് രേഷ്മ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്. കോളേജ് പഠനകാലത്ത് എസ്.എഫ്.ഐ.യിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം കൈവന്നത് ഒട്ടും പ്രതീക്ഷിക്കാതെയാണെന്നായിരുന്നു രേഷ്മയുടെ പ്രതികരണം. കടുത്ത മത്സരമാണ് നടക്കുന്നത്. മുൻ പഞ്ചായത്തംഗമാണ് എതിർസ്ഥാനാർഥി. എന്നാലും നിലവിൽ അനുകൂലസാഹചര്യമാണ്. സീറ്റ് പിടിച്ചെടുക്കാനാകുമെന്ന് തന്നെയാണ് പ്രതീക്ഷ. വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായങ്ങളുണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ എല്ലാവിധ പിന്തുണയുമായി കുടുംബം കൂടെയുണ്ട്. വീടുകൾ കയറിയുള്ള ആദ്യഘട്ട പ്രചരണം ഏറെക്കുറേ പൂർത്തിയായി.ഏറെ പോസിറ്റീവായ അഭിപ്രായമാണ് വോട്ടർമാരിൽനിന്ന് ലഭിക്കുന്നത്. ചെറുപ്പക്കാർ കടന്നുവരട്ടെയെന്ന് അവരും പറയുന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെ പ്രായം സംബന്ധിച്ച മാനദണ്ഡങ്ങളെക്കുറിച്ച് അധികൃതരോട് തിരക്കിയിരുന്നു. നാമനിർദേശ പത്രിക സമർപ്പിക്കുന്ന ദിവസം 21 വയസ്സ് തികഞ്ഞാൽ മതിയെന്നാണ് അധികൃതരിൽനിന്ന് ലഭിച്ച മറുപടി. ഇതോടെയാണ് മത്സരരംഗത്തിറങ്ങിയതെന്നും 19-ന് പത്രിക സമർപ്പിക്കാൻ തീരുമാനിച്ചതെന്നും രേഷ്മ പറഞ്ഞു. കൂടുതൽ റോഡുകൾ വേണമെന്നും വന്യമൃഗശല്യം നേരിടാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നുമാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. ജയിച്ചുകഴിഞ്ഞാൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണും. വാർഡിലെ അംഗനവാടിക്ക് സ്വന്തമായി കെട്ടിടം നിർമിക്കും. കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും. സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കും. ഓരോരുത്തരെ നേരിട്ട് കാണുമ്പോഴും അവരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് ഡയറിയിൽ രേഖപ്പെടുത്തുന്നുണ്ട്- രേഷ്മ വിശദീകരിച്ചു. സംസ്ഥാനത്ത് മത്സരരംഗത്തുള്ള ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായിരിക്കും രേഷ്മ. മത്സരിച്ച് ജയിച്ചാലും വിദൂരവിദ്യാഭ്യാസം വഴി പഠനം തുടരാൻ തന്നെയാണ് തീരുമാനം. തടി കച്ചവടക്കാരനായ റോയ് പി. മാത്യുവാണ് പിതാവ്. മാതാവ് മിനി റോയ് സെന്റ് സ്റ്റീഫൻസ് കോളേജിലെ ജീവനക്കാരിയാണ്. സഹോദരൻ റോബിൻ മാത്യു റോയ്. മുൻ പഞ്ചായത്തംഗമായ സുജാത മോഹനാണ് ഊട്ടുപാറ വാർഡിലെ യു.ഡി.എഫ്. സ്ഥാനാർഥി. Content Highlights:reshma mariyam roy cpm ldf candidate aruvappulam panchayath kerala youngest candidate

from mathrubhumi.latestnews.rssfeed https://ift.tt/35A2kH8
via IFTTT

No comments:

Post a Comment

Post Bottom Ad

Pages