വേണുഗോപാലിന് സാന്ത്വനവുമായി രാഹുൽഗാന്ധി..... - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Thursday, November 12, 2020

വേണുഗോപാലിന് സാന്ത്വനവുമായി രാഹുൽഗാന്ധി.....

കണ്ണൂർ: അമ്മയുടെ വേർപാടിൽ വിഷമിക്കുന്ന സഹപ്രവർത്തകനെ സാന്ത്വനിപ്പിക്കാൻ വീട്ടിലെത്തിയ രാഹുൽഗാന്ധി ഏറെനേരം വീട്ടുകാരനെപ്പോലെയായി. വ്യാഴാഴ്ച രാവിലെ 10.45-നാണ് രാഹുൽഗാന്ധി എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ കടന്നപ്പള്ളി കണ്ടോന്താറിലെ തറവാട്ടിലെത്തിയത്. മുക്കാൽ മണിക്കൂറോളം വീട്ടിൽ ചെലവഴിച്ച അദ്ദേഹം 11.30-ഓടെ മടങ്ങി. വീട്ടിൽ കയറിയ ഉടനെ അകത്ത് വേണുഗോപാലിന്റെ അമ്മയുടെ ഫൊട്ടൊയ്ക്കുമുന്നിൽ മൗനമായി ഒരുനിമിഷം നിന്നു. പുഷ്പാർച്ചനയും നടത്തി. തുടർന്ന് അകത്തിരുന്ന് വേണുഗോപാലിനോട് അമ്മയുടെ മരണസമയത്ത് അടുത്തുണ്ടായിരുന്നോ എന്നന്വേഷിച്ചു. അമ്മ രാത്രി 12 മണിക്കാണ് മരിച്ചതെന്നും രണ്ടുമിനുട്ടിനകം അറിഞ്ഞതായും മരണസമയത്ത് അടുത്തില്ലായിരുന്നുവെന്നും പറഞ്ഞപ്പോൾ വേണുഗോപാൽ വിതുമ്പി. കഴിഞ്ഞ പ്രളയത്തിൽ തറവാട്ടുവീട്ടിൽ വെള്ളം കയറിയതും അമ്മയെ കണ്ണൂരിലെ ബന്ധുവീട്ടിലേക്ക് മാറ്റിയതും മുമ്പ് വേണുഗോപാൽ രാഹുൽഗാന്ധിയോട് പറഞ്ഞിരുന്നു. അക്കാര്യം ഓർമിച്ചുകൊണ്ട് ഈ വീട്ടിലായിരുന്നോ വെള്ളം കയറിയതെന്നും എവിടെയാണ് പുഴയെന്നും രാഹുൽ അന്വേഷിച്ചു. വീടിന് നൂറുവർഷത്തിലധികം പഴക്കമുണ്ടെന്നും മുകൾഭാഗമൊക്കെ കേടായിട്ടുണ്ടെന്നും വേണുഗോപാൽ പറഞ്ഞപ്പോൾ കാണണമെന്നായി രാഹുൽ. കുത്തനെയുള്ള ഏണിപ്പടികളിലൂടെ രാഹുൽ മുകളിലേക്ക് കയറി. പഴയ മുറിയൊക്കെ നോക്കി. പിന്നീട് അദ്ദേഹം കുടുംബാംഗങ്ങളെയും കണ്ടു. വേണുഗോപാലിന്റെ ഭാര്യ ഡോ. ആശയോട് വേണുവിന്റെ ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണമെന്ന് പറഞ്ഞു. ഓരോ കുടുംബാംഗത്തെയും വെവ്വേറെ പരിചയപ്പെട്ടാണ് രാഹുൽ മടങ്ങിയത്. സോണിയാഗാന്ധിയുടെ അനുശോചനവും അറിയിച്ചു. ബിഹാർ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമെത്തിയ രാഹുൽഗാന്ധി രാഷ്ട്രീയകാര്യ ജനറൽ സെക്രട്ടറി വേണുഗോപാലുമായി രാഷ്ട്രീയകാര്യങ്ങളൊന്നും സംസാരിച്ചില്ല. കാത്തുനിന്ന മാധ്യമപ്രവർത്തകരെയും അദ്ദേഹം കണ്ടില്ല. മടങ്ങുമ്പോൾ മാധ്യമപ്രവർത്തകർ ഒരു ഫൊട്ടൊയ്ക്ക് നിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം മുതിർന്നില്ല. എം.എൽ.എ.മാരായ പി.സി.വിഷ്ണുനാഥ്, ശബരിനാഥൻ, ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. വലിയ ജനക്കൂട്ടം വീട്ടുപരിസരത്ത് എത്തിയിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് വേണുഗോപാലിന്റെ അമ്മ കെ.സി.ജാനകിയമ്മ അന്തരിച്ചത്. Content Highlight: Rahul Gandhi offers condolences to Venugopal

from mathrubhumi.latestnews.rssfeed https://ift.tt/2ImCm15
via IFTTT

No comments:

Post a Comment

Post Bottom Ad

Pages