അമ്മയും മകനും നേർക്കുനേർ; വീട്ടിൽ രാഷ്ട്രീയം മിണ്ടരുതെന്ന് അച്ഛൻ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Thursday, November 12, 2020

അമ്മയും മകനും നേർക്കുനേർ; വീട്ടിൽ രാഷ്ട്രീയം മിണ്ടരുതെന്ന് അച്ഛൻ

കൊല്ലം: നേരം പുലർന്നാൽ പിന്നെ ഈ അമ്മയും മകനും നേർക്കുനേർ പോരാട്ടത്തിലാണ്. ഇരുവരും ഒരേ വാർഡിൽ സ്ഥാനാർഥികൾ. അമ്മ ബി.ജെ.പി.ക്കും മകൻ സി.പി.എമ്മിനും വേണ്ടി അങ്കംകുറിക്കുന്നു. പക്ഷേ, രാഷ്ട്രീയത്തിന്റെ പടച്ചട്ട അഴിച്ചുവെച്ചിട്ടേ ഇരുവരും വീട്ടിലേക്ക് കയറൂ. അവിടെ അമ്മയും മകനും ഒന്നിച്ച് കഴിക്കുകയും സെൽഫിയെടുക്കുകയും ചെയ്യും.അഞ്ചൽ ഇടമുളയ്ക്കൽ ഗ്രാമപ്പഞ്ചായത്തിലെ ഏഴാം വാർഡിലാണ് അമ്മ-മകൻ പോര്. പനച്ചവിള പുത്താറ്റ് ദിവ്യാലയത്തിൽ സുധർമാ രാജനും മകൻ ദിനുരാജുമാണ് പഞ്ചായത്തുത്സവത്തിൽ ഏറ്റുമുട്ടുന്നത്. പക്ഷേ ‘വീട്ടിൽ രാഷ്ട്രീയം മിണ്ടരുതെ’ന്ന് സുധർമയുടെ ഭർത്താവ് ദേവരാജന്റെ ശാസനയുണ്ട്. ഭാര്യയും മകനും ഇത് അപ്പടി അനുസരിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വനിതാ വാർഡായിരുന്ന ഇവിടെ സുധർമ ബി.ജെ.പി. സ്ഥാനാർഥിയായിരുന്നു. രണ്ടാംസ്ഥാനത്തെത്തി. വിജയം ഇടതുമുന്നണിക്കായിരുന്നു. ഇക്കുറി ജനറൽ വാർഡിൽ സുധർമയെ സ്ഥാനാർഥിയായി ബി.ജെ.പി. നേരത്തേതന്നെ നിശ്ചയിച്ചു. ആദ്യകാല കമ്യൂണിസ്റ്റ് കുടുംബാംഗമായ സുധർമ ഇപ്പോൾ മഹിളാമോർച്ച പുനലൂർ നിയോജകമണ്ഡലം കമ്മിറ്റിയംഗമാണ്. ഭർത്താവ് ദേവരാജൻ ബി.ജെ.പി. അനുഭാവിയാണ്. ഹൈസ്കൂൾ വിദ്യാഭ്യാസകാലംമുതൽ എസ്.എഫ്.ഐ. പ്രവർത്തകനായ ദിനുരാജ് ഡി.വൈ.എഫ്.ഐ. ഇടമുളയ്ക്കൽ മേഖലാ ട്രഷററാണിപ്പോൾ.അമ്മയും മകനുമാണെങ്കിലും ആര് ജയിക്കും എന്ന ചോദ്യത്തിന് ‘സ്വന്തം പാർട്ടി’ എന്നാണ് ഇരുവരുടെയും ഉത്തരം. ‘‘മകനെ സ്ഥാനാർഥിയാക്കിയപ്പോൾ ഞാൻ പിന്മാറുമെന്ന് ചിലരെങ്കിലും കരുതി. പക്ഷേ പാർട്ടിക്ക് കൊടുത്ത വാക്കാണ്. ഞാൻ അത് മാറ്റില്ല’’- സുധർമ പറഞ്ഞു.ഒരു വീട്ടിലായിരുന്നു കഴിഞ്ഞയാഴ്ചവരെ താമസം. തിരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങിയപ്പോൾ ദിനുരാജും ഭാര്യ അക്ഷരയും തൊട്ടടുത്തുള്ള കുടുംബവീട്ടിലേക്ക് താമസം മാറി. ‘‘രണ്ട് പാർട്ടികളുടെയും കമ്മിറ്റിയൊക്കെ വീട്ടിൽ നടത്തേണ്ടി വരും. അതുകൊണ്ടാണ് തത്കാലത്തേക്ക് വീട് മാറിയത്. രണ്ടു കൂട്ടരുടെയും ‘തന്ത്ര’ങ്ങളൊക്കെ രഹസ്യമായിരിക്കട്ടെ’’ -ദിനുരാജ് ചിരിച്ചു.

from mathrubhumi.latestnews.rssfeed https://ift.tt/36qBaBG
via IFTTT

No comments:

Post a Comment

Post Bottom Ad

Pages