കനത്ത തോൽവിയുടെ ആഘാതത്തിൽ കോൺഗ്രസ് - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Wednesday, November 11, 2020

കനത്ത തോൽവിയുടെ ആഘാതത്തിൽ കോൺഗ്രസ്

ന്യൂഡൽഹി: ബിഹാറിൽ മഹാസഖ്യത്തിലെ ഏറ്റവും മോശം പ്രകടനം, ഉപതിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ഏഴുസീറ്റിൽ മൂന്നിലും അയ്യായിരത്തിൽത്താഴെ വോട്ടുകൾ, ഗുജറാത്തിൽ സ്ഥാനാർഥിക്ക് തുടർച്ചയായി അഞ്ചാംതവണത്തെ തോൽവി, മധ്യപ്രദേശിൽ ഏറക്കുറെ തുടച്ചുനീക്കൽ... ബിഹാർ നിയമസഭാതിരഞ്ഞെടുപ്പിലും വിവിധ സംസ്ഥാനങ്ങളിൽനടന്ന ഉപതിരഞ്ഞെടുപ്പുകളിലും കഴിഞ്ഞ ദിവസം ഫലം പുറത്തുവന്നപ്പോൾ കോൺഗ്രസിന്റെ ബാക്കിപത്രം ഇങ്ങനെ. കോൺഗ്രസ് നേതൃത്വത്തിന്റെ നിഷ്ക്രിയത്വം ചോദ്യംചെയ്ത് 23 നേതാക്കൾ അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തെഴുതിയശേഷം നടന്ന തിരഞ്ഞെടുപ്പുകളിലെ ഫലം നേതൃത്വത്തിനുമുന്നിൽ വീണ്ടും ചോദ്യമുയർത്തുകയാണ്. 'ഇല്ലത്തൂന്ന് പുറപ്പെടുകയും ചെയ്തു, അമ്മാത്ത് എത്തിയുമില്ല' എന്ന മട്ടിലാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വം എന്ന് നേതാക്കൾതന്നെ അടക്കംപറയുന്നു. ബിഹാറിലെ തോൽവിക്ക് അസദുദ്ദീൻ ഒവൈസിയുടെ മജ്ലിസ് പാർട്ടിയെയാണ് കോൺഗ്രസ് പഴിക്കുന്നതെങ്കിലും സ്ഥാനാർഥി നിർണയത്തിലും താഴെത്തട്ടിലുള്ള പ്രവർത്തനത്തിലും ഏറെ പിന്നിലായിരുന്നു പാർട്ടി. തേജസ്വി യാദവിലും മുസ്ലിം-യാദവ സമവാക്യത്തിലും പ്രതീക്ഷയർപ്പിച്ച കോൺഗ്രസിനെ ഒവൈസി പറ്റിച്ചു എന്നത് യാഥാർഥ്യമാണ്. സീമാഞ്ചൽമേഖലയിൽമാത്രം 14 സ്ഥാനാർഥികളെ നിർത്തിയ ഒവൈസി 2015-ൽ ഇവിടെ 10 സീറ്റിൽ ജയിച്ച കോൺഗ്രസിനെ മൂന്നിലെത്തിച്ചു. മജ്ലിസ് പാർട്ടി അഞ്ചുസീറ്റ് നേടിയത്, ഒവൈസി വന്നതോടെ മുസ്ലിം വോട്ടും കോൺഗ്രസിൽനിന്നകന്നു എന്ന യാഥാർഥ്യം വെളിച്ചത്തുകൊണ്ടുവന്നു. മത്സരിച്ച 70 സീറ്റിൽ 65-ലും 2010-ൽ ബി.ജെ.പി.യും ജെ.ഡി.യു.വും ഒന്നിച്ചുമത്സരിച്ചപ്പോൾ വിജയിച്ചിരുന്നു എന്നാണ് കോൺഗ്രസ് തോൽവിക്കുകാരണമായി പറയുന്ന മറ്റൊരു മുട്ടുന്യായം. എന്നാൽ, 2015-ൽ മഹാസഖ്യത്തിന്റെ ഭാഗമായി 41 സീറ്റിൽ മത്സരിച്ചപ്പോൾ 27 സീറ്റ് കിട്ടിയ കാര്യം പാർട്ടി മിണ്ടുന്നില്ല. വിജയസാധ്യതയ്ക്കപ്പുറം മറ്റുമാനദണ്ഡങ്ങൾ നോക്കിയാണ് പാർട്ടി സ്ഥാനാർഥികളെ കണ്ടെത്തിയതെന്ന് തുടക്കംമുതൽ ആരോപണമുണ്ടായിരുന്നു. ബിഹാറിലെ തോൽവി കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന് ചൂണ്ടുപലകയാണ്. ആറുമാസത്തിനകം നടക്കാനിരിക്കുന്ന കേരളം, അസം നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികളെ നിർണയിക്കുന്നതിലും താഴെത്തട്ടിലെ പ്രചാരണത്തിലും ശ്രദ്ധിച്ചില്ലെങ്കിൽ പാർട്ടി വീണ്ടും പ്രതിസന്ധിയിലാവുമെന്ന പാഠം ബിഹാറും ഉപതിരഞ്ഞെടുപ്പുകളും മുന്നോട്ടുവെക്കുന്നു.

from mathrubhumi.latestnews.rssfeed https://ift.tt/36q9A7D
via IFTTT

No comments:

Post a Comment

Post Bottom Ad

Pages