ബഫര്‍ സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Monday, December 19, 2022

ബഫര്‍ സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്. ആശങ്കകള്‍ പരിഹരിക്കാനുള്ള തുടര്‍ നടപടികള്‍ സംബന്ധിച്ച്‌ ഇന്ന് രണ്ട് നിര്‍ണായക യോഗങ്ങളാണ് നടക്കുക.

വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം, സുപ്രീംകോടതിയില്‍ സ്വീകരിക്കേണ്ട സമീപനം ചര്‍ച്ച ചെയ്യും. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനൊപ്പം വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ ഫീല്‍ഡ് റിപ്പോര്‍ട്ട് നല്‍കാന്‍ അനുവാദവും തേടും. ഫീല്‍ഡ് സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി സത്യവാങ്മൂലം നല്‍കാനാണ് നീക്കം. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ പരാതി നല്‍കാനുള്ള സമയ പരിധി നീട്ടാനാണ് ധരണ.

റവന്യൂ, വനം, തദ്ദേശ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി യോഗവും ഇന്ന് ചേരുന്നുണ്ട്. ഉന്നതതല യോഗത്തില്‍ ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.

അതിനിടെ ബഫര്‍ സോണ്‍ വിഷയത്തില്‍ തിരുവനന്തപുരത്തെ മലയോര മേഖലകളും പ്രതിഷേധത്തിലേക്ക് കടന്നു. ഇന്ന് അമ്ബൂരിയില്‍ പ്രതിഷേധം സംഗമം സംഘടിപ്പിക്കും. വൈകീട്ട് അഞ്ചിന് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ സംഗമം. ബഫര്‍ സോണില്‍ നിന്ന് ജനവാസ മേഖലകളെ പൂര്‍ണമായും ഒഴിവാക്കണമെന്നും ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിലെ അപാകതകള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. കരുതല്‍ മേഖല വനാതിര്‍ത്തിയില്‍ തന്നെ നിലനിര്‍ത്തണമെന്നാണ് ആവശ്യം.

ബഫര്‍ സോണ്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്‍റെ സമരത്തിനും ഇന്ന് തുടക്കമാകും. കോഴിക്കോട് കൂരാച്ചുണ്ടില്‍ വൈകീട്ട് മൂന്നരയ്ക്കാണ് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍. പ്രതിഷേധ പരിപാടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കര്‍ഷക സംഘടനകളുടെ പിന്തുണയില്‍ മറ്റ് ജില്ലകളിലേക്കും സമരം വ്യാപിപ്പിക്കാനാണ് കെപിസിസിയുടെ തീരുമാനം.

അതേസമയം ഇടുക്കി ജില്ലയിലെ ബഫര്‍ സോണ്‍ റിപ്പോര്‍ട്ടിലെ അപാകതയില്‍ മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. ഇടുക്കി ജില്ലാ കളക്ടര്‍, വില്ലേജ് ഓഫീസര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധിക്കുക.

കരുതല്‍മേഖല ഉള്‍പ്പെടുന്ന നാല് പ്രദേശങ്ങളിലെ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരും സമിതിയില്‍ ഉണ്ടാവും. എത്രയും പെട്ടെന്ന് നേരിട്ട് സ്ഥല പരിശോധന നടത്താനാണ് നിര്‍ദ്ദേശം. ഉപഗ്രഹസര്‍വേയില്‍ അധികമായി ഉള്‍പ്പെട്ടിരിക്കുന്ന ജനവാസമേഖലകള്‍ ഏതെല്ലാം, വിട്ടുപോയ പ്രദേശങ്ങള്‍ ഏതെല്ലാം എന്നിവ കണ്ടെത്തി സമഗ്ര റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

The post ബഫര്‍ സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/e8li9S7
via IFTTT

No comments:

Post a Comment

Post Bottom Ad

Pages