കാൽപ്പന്തുകൊണ്ട് ഭൂഗോളം കാൽച്ചുവട്ടിലാക്കിയ ആ കുഞ്ഞുമനുഷ്യന്റെ കരിയറിന് പൂർണത കൈവരാൻ ഒരു ലോകകിരീടത്തിന്റെ ആവശ്യമുണ്ടായിരുന്നോ..?? ഇല്ല എന്ന് കളിപ്രേമികൾ ഒന്നടങ്കം ഒന്നിച്ചുറപ്പിച്ചുപറഞ്ഞിരുന്നു. പക്ഷെ അതും കൂടി നേടാനായിരുന്നെങ്കിലെന്ന് അവർ അതിയായി ആഗ്രഹിച്ചിരുന്നു. ഒടുവിൽ ഖത്തറിലെ ലുസൈയിൽ സ്റ്റേഡിയത്തിൽ ആ അഞ്ചടി ഏഴിഞ്ചുകാരന്റേയും അയാളെ ഭ്രാന്തമായി സ്നേഹിക്കുന്ന കോടിക്കണക്കിന് ആളുകളുടേയും സ്വപനം, വിധിയുമായി കൂട്ടിമുട്ടി. അവിടെ എഴുതപ്പെട്ടു, തലമുറകൾ ആവേശത്തോടെ വായിക്കാൻ പോകുന്ന പുതിയ മിശിഹാചരിത്രം.
എട്ട് വർഷങ്ങൾക്ക് മുമ്പ് ബ്രസീലിലെ റിയോ ഡി ജെനിറോയിലുള്ള മാറക്കാന സ്റ്റേഡിയത്തിൽ ലയണൽ മെസിയുടെ വിരൽത്തുമ്പിൽ തട്ടിത്തഴുകിയാണ് ലോകകിരീടം തെന്നിമാറിയത്. അന്നയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ആ കണ്ണിർകയത്തിൽ അയാൾ മുങ്ങിത്താണു. തൊട്ടടുത്ത രണ്ട് വർഷങ്ങളിൽ രണ്ട് കോപ്പാ ആമേരിക്ക ഫൈനലുകളിൽ കൂടി മുട്ടുമടക്കേണ്ടിവന്നപ്പോൾ കിരീടം വയ്ക്കാൻ യോഗമില്ലാത്ത രാജാവായി അയാളെ ചിലർ വിശേഷിപ്പിച്ചു. മറ്റ് ചിലർ പരിഹസിച്ചു. നിരാശയും സങ്കടവും ദേഷ്യവുമെല്ലാം കൂടി ആ മനസിൽ അലയടിച്ച ഒരു നിമിഷത്തിൽ ഇനി അർജന്റീനയുടെ ജേഴ്സി അണിയില്ല എന്നയാൾ പ്രഖ്യാപിച്ചു.
മെസിയുടെ ആ പെട്ടന്നുള്ള തീരുമാനം ആർക്കും തന്നെ ഉൾക്കൊള്ളാനായില്ല. മെസിയുടെ മനസുമാറും എന്ന പ്രതീക്ഷയിൽ അർജന്റൈൻ ജനത ബ്യൂണസ് അയേഴ്സിന്റെ തെരുവുകളിലിറങ്ങി. അന്നത്തെ അർജന്റൻ പ്രസിഡന്റടക്കം മെസിയോട് തീരുമാനം മാറ്റാൻ ആവശ്യപ്പെട്ടു. അധികം വൈകാത തന്നെ മെസിയുടെ മനസുമാറി. ഇനി ലോകകിരീടം സ്വന്തമാക്കിയേ അടങ്ങുവെന്ന് ആ മനസ് ദൃഢപ്രതിജ്ഞയെടുത്തുകാണണം. പക്ഷെ ആ യാത്ര അത്ര എളുപ്പമായിരുന്നില്ല. ദുർഘടമായ, കല്ലും മുള്ളും നിറഞ്ഞ പാത തന്നെയായിരുന്നു അയാളുടെ മുന്നിലുണ്ടായിരുന്നത്.
2018 ലോകകപ്പിനായി അർജന്റീന യോഗ്യത നേടിയത് തന്നെ അവസാന നിമിഷമാണ്. ലോകകപ്പിലും അവസ്ഥ പരമദയനീയമായിരുന്നു. ക്രൊയേഷ്യയോട് തോറ്റ്, ഐസ്ലൻഡിനോട് സമനില വഴങ്ങി എങ്ങനെയൊക്കെയോ പ്രീക്വാർട്ടറിലെത്തിയ അർജന്റീനയെ അവിടെ ഫ്രാൻസ് കടിച്ചുകുടഞ്ഞു. ഇതോടെ ഇനി മെസി ദേശീയ ടീമിനായി കളിക്കില്ല എന്ന് കടുത്ത ആരാധകർ പോലും ഉറപ്പിച്ചിരുന്നു. അത്തരമൊരു തീരുമാനമുണ്ടായാൽ ആരും തെരുവിലിറങ്ങാനും സാധ്യതയില്ലായിരുന്നു. പക്ഷെ മെസി തുടർന്നു. അടുത്ത വർഷം കോപ്പാ അമേരിക്കയിൽ സെമിയിൽ അർജന്റീന വീണു. അപ്പോഴും ലോകം ഉറ്റുനോക്കിയത് മെസിയുടെ ഭാവിയായിരുന്നു. പക്ഷെ അയാളുടെ മനസിൽ ആ ലക്ഷ്യം ഉറച്ചിരുന്നു.
ലയണൽ സ്കലോണിയെന്ന മുൻ സഹതാരം പരിശീലകനായി എത്തിയതോടെ മെസിയുടെ സ്വപ്നങ്ങൾക്ക് കരുത്തേറി. കൂടുതൽ യുവതാരങ്ങളെ അണിനിരത്തി ഒരു ഉശിരൻ പടയെ സ്കലോണി ഒരുക്കി. അവരുടെ പടനായകവേഷം മെസി എടുത്തണിഞ്ഞു. എമിലിയാനോ മാർട്ടിനെസും റോഡ്രിഗോ ഡി പോളും, ക്രിസ്റ്റ്യൻ റൊമേറോയും ലിയാൻഡ്രോ പരേഡസുമൊക്കെയടങ്ങുന്ന ആ പോരാളികൾ തങ്ങളുടെ നായകന് വേണ്ടി മരിക്കാൻ പോലും തയ്യാറായി. ആദ്യ ഫലം കണ്ടത് 2021-ലെ കോപ്പാ അമേരിക്കയിൽ. ബ്രസീലിന്റെ മണ്ണിൽ ചെന്ന് അവരെ അടിതെറ്റിച്ച് മെസി തന്റെ ആദ്യ അന്താരാഷ്ട്ര കിരീടം നേടി. 1993-ന് ശേഷമുള്ള അർജന്റീനയുടെ ആദ്യ കിരീടം കൂടിയായിരുന്നു അത്.
തുടർന്നുള്ള അർജന്റീനയുടെ കുതിപ്പ് രാജകീയമായിരുന്നു. 36 മത്സരങ്ങൾ തോൽവിയറിയാതെ കുതിച്ച് ചരിത്രമെഴുതാനെത്തിയ അർജന്റീനയ്ക്ക് ഖത്തർ ലോകകപ്പിൽ കയ്പേറിയ തുടക്കമാണ് ലഭിച്ചത്. ഏഷ്യൻ ടീമായ സൗദി അറേബ്യ അർജന്റീനയെ അട്ടിമറിച്ചു. എന്നാൽ ഇതിലും വലുത് പലതവണ കണ്ടിട്ടുള്ള അനുഭവിച്ചിട്ടുള്ള മെസിയെ അതൊന്നും ബാധിച്ചില്ല. അയാൾ തന്റെ ഇടങ്കാലുകൊണ്ടുള്ള ഇന്ദ്രജാലം തുടർന്നു. ഗ്രൂപ്പ് ഘട്ടം ജയിച്ച് പ്രിക്വാർട്ടറിലും ക്വാർട്ടറിലും സെമിയിലും വിജയിച്ച് അവർ ഫൈനലിലെത്തി. ആവേശകരമായ ഫൈനലിൽ ഫ്രാൻസിന്റെ പോരാട്ടവീര്യത്തിന് മുന്നിൽ പകച്ചുപോയെങ്കിലും മെസിയുടെ ഇച്ഛാശക്തിയും അയാൾക്കായി അത് നേടണമെന്ന് കൂട്ടാളികളുടെ ഉറച്ച മനസുമാണ് അർജന്റീനയ്ക്ക് വിജയമധുരം സമ്മാനിച്ചത്.
2016 കോപ്പാ അമേരിക്ക ഫൈനലിന്റെ പെനാൽറ്റി ഷൂട്ടൗട്ടിൽ മെസി ഒരു കിക്ക് പാഴാക്കിയിരുന്നു. പാളിപ്പോയ ആ കിക്ക് അയാളെ വർഷങ്ങളോളം വേട്ടയാടി. മെസിയെ സ്നേഹിച്ചവർ അതിൽ സഹതപിച്ചപ്പോൾ വിരോധികൾ അതാഘോഷിച്ചു. എന്നാൽ ഒരിക്കൽ തന്റെ കണ്ണീര് വീഴ്ത്തിയ പെനാൽറ്റി സ്പോട്ടിനേയും മെസി മെരിക്കിയെടുക്കന്ന കാഴ്ചയാണ് പിന്നീട് ലോകം കണ്ടത്. ഖത്തർ ലോകകപ്പിൽ മെസി അടിച്ച ഏഴ് ഗോളുകളിൽ നാലും പെനാൽറ്റിയായിരുന്നു. ഇതിനുപുറമെ ഫൈനലിലടക്കം രണ്ട് ഷൂട്ടൗട്ടുകളിലും മെസി പെനാൽറ്റി വലയിലെത്തിച്ച്. അതും ആദ്യ കിക്ക് തന്നെയെടുത്ത് നായകന്റെ വേഷം ഗംഭീരമാക്കിക്കൊണ്ട്.
ക്ലബ് ഫുട്ബോളിൽ ദിവസവുമെന്നോണം ചരിത്രങ്ങൾ തിരിത്തുക്കുറിക്കുമ്പോഴും അർജന്റീനയ്ക്കായി ഒന്നും ചെയ്യാത്തവനെന്ന കുറ്റം പറച്ചിൽ മെസി ഒരുപാട് കേട്ടിട്ടുണ്ട്. സ്വന്തം നാട്ടിലെ മുൻ സൂപ്പർതാരങ്ങൾ ഈ വിമർശകരിൽ ഇടം പിടിച്ചിരുന്നു. ഇപ്പോൾ വെറും ഒന്നരവർഷത്തെ ഇടവേളയിൽ അർജന്റീനയ്ക്കൊപ്പം ലാറ്റിനമേരിക്കൻ വൻകര കടന്ന് ലോകത്തിന്റേയും അധിപനായി മെസി മാറിയിരിക്കുന്നു.
ലോകഫുട്ബോൾ കണ്ട ഏറ്റവും മികച്ച കളിക്കാരനാണോ മെസി എന്ന ചോദ്യം എക്കാലത്തും ഉയർന്നുകേട്ടിരുന്നു. പെലെ, മറഡോണ, സിനദിൻ സിദാൻ, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയ താരങ്ങളുമായി മെസിയെ എന്നും താരതമ്യം ചെയ്തിരുന്നു. വ്യക്തിഗത പ്രകടനത്തിൽ എക്കാലത്തും ഇവരേക്കാൾ മികച്ചവനാണ് താനെന്ന് പലവട്ടം മെസി തെളിയിച്ചതാണ്. എന്നാലപ്പോഴൊക്കെയും ദേശീയ ടീമിനൊപ്പമുള്ള കിരീനേട്ടം അയാൾക്ക് മുന്നിൽ ഒരു തടസമായി നിന്നിരുന്നു. എന്നാലിപ്പോൾ ആ വൻമലയും അയാൾ കീഴടക്കിയിരിക്കുകയാണ്. ഒരു ചോദ്യം പോലും ഇനി ബാക്കിവയ്ക്കാതെ.
The post ഇനിയൊരു ചോദ്യവും ബാക്കിയില്ല; ലോകം കീഴടക്കി ലിയോ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/m2EXK1I
via IFTTT
No comments:
Post a Comment